കൊയിലാണ്ടി താലൂക് അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി വിശേഷങ്ങൾ പങ്കുവെക്കുന്നു

മുസ്തഫ മൈത്രി എന്ന വ്യക്തിയെ സ്വയം പരിചയപെടുത്തുകയാണെങ്കിൽ ?
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ പൊയിൽക്കാവിലെ കൂഞ്ഞിലാരി സിറ്റി എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. പിതാവ് അബൂബക്കർ മൈത്രി കുവൈറ്റിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിലാണ്. ഉമ്മ ആമിന രണ്ട് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടു.
ഭാര്യ മുഹ്സിന, ഫാദിൽ, ഫൈഹ,എസ്‌ദാൻ കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. കുവൈറ്റിൽ അബ്ബാസിയയിൽ ആണ് താമസിക്കുന്നത്.
KTA പ്രസിഡന്റ് ആയി തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ മാനസികാവസ്ഥ എന്തായിരുന്നു ? എന്തെല്ലാമാണ് സംഘടനയുടെ ഭാവി പരിപാടികൾ ?
കഴിഞ്ഞ പതിനൊന്ന് വർഷമായി കുവൈറ്റിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് (KTA). കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടുകയും ചെയ്യുന്ന സംഘടന അതിന്റെ വാർഷിക ആഘോഷങ്ങൾ വളരെ വിപുലമായി നടത്താറുണ്ട്.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഭാരവാഹി ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ ജനറൽബോഡിയിൽ ആണ് എന്നെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. വളരെ അഭിമാനത്തോടുകൂടി തന്നെ അത് ഏറ്റെടുക്കാൻ സാധിച്ചു. എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാല്പതോളം വരുന്ന എക്സിക്യൂട്ടീവ് മെമ്പർമാരാണ് ഞങ്ങളുടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രസിഡണ്ട് എന്ന രീതിയിൽ ഇവരുടെ കൃത്യമായ പിന്തുണ എല്ലാ സമയത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഒരു പദവി എന്നതിൽ എന്തെങ്കിലും ഒരു പ്രത്യേകത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഈ വർഷത്തെ മെഗാ പ്രോഗ്രാമായ കൊയിലാണ്ടി ഫെസ്റ്റ് 2025 മായി എല്ലാവരും ഒന്നിച്ച് മുന്നോട്ടു നീങ്ങുകയാണ്.
എന്താണ് KTA യെ കുവൈറ്റിലെ നൂറ് കണക്കിന് സംഘടനയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ?
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റിനെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് വലുപ്പച്ചെറുപ്പം ഇല്ലാത്ത ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങുന്ന ഒരു കൂട്ടായ്മ എന്ന നിലക്ക് തന്നെയാണ്. ഏതു കാര്യം ഏറ്റെടുത്താലും അത് കൃത്യമായി നടപ്പിൽ വരുത്താനുള്ള കൃത്യമായ സംഘടന സംവിധാനം ഇന്ന് കെ.ടി.എ കുവൈറ്റിന് ഉണ്ട്. അതുകൊണ്ടുതന്നെയാണ് കുവൈറ്റിലെ മറ്റുള്ള വലിയ സംഘടനകളോട് ഒപ്പമോ അതിനു മുകളിലോ ഉള്ള രീതിയിലുള്ള പ്രോഗ്രാമുകൾ നടത്താൻ സാധിക്കുന്നത്.
കഴിഞ്ഞ 11 വർഷക്കാലം കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് വീട് നിർമ്മിക്കാനുള്ള സഹായവും, രോഗം കൊണ്ട് ബുദ്ധിമുട്ടു ന്നവർക്ക് ഉള്ള സഹായവും, കോവിഡ് സമയത്ത് വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ മൊബൈലുകൾ നൽകാൻ കഴിഞ്ഞതും, കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പോകാനുള്ള ആളുകൾക്ക് സഹായകരമാവുന്ന രീതിയിൽ ചാർറ്റേർഡ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചത്, കുവൈറ്റിൽ കോവിഡ് സമയത്ത് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനും ഞങ്ങളുടെ വളണ്ടിയർമാർ മുന്നിൽ ഉണ്ടായിരുന്നു.
വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന സാമ്പത്തികപരമായി ബുദ്ധിമുട്ടുന്ന കുട്ടികളെ കൃത്യമായി മനസ്സിലാക്കി അവർക്കു വേണ്ടുന്ന സാമ്പത്തിക സഹായം നൽകാൻ കഴിഞ്ഞ വർഷങ്ങളായി ഞങ്ങൾ ഉയരെ എന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നുണ്ട്. കലാസാംസ്കാരിക, കായിക പ്രവർത്തനങ്ങളോടൊപ്പം തന്നെ കുവൈറ്റിലെ മലയാളികൾക്ക് വേണ്ടി അവർക്ക് ആസ്വദിക്കാൻ കഴിയുന്ന വലിയ വലിയ പ്രോഗ്രാമുകളും ഞങ്ങൾ നടത്താറുണ്ട്. നാട്ടിൽ നിന്ന് അറിയപ്പെടുന്ന കലാകാരന്മാരെ കൊണ്ടുവരാനും കുവൈറ്റിലെ വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഇത്തരം പ്രോഗ്രാമുകളിലൂടെ ഞങ്ങൾക്ക് സാധിക്കാറുണ്ട്.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു കുടുങ്ങി എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്താകും കാരണം ?
ഞാൻ മുൻപ് പറഞ്ഞതുപോലെ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഏതെങ്കിലും ഒരു പദവി എന്നത് സംഘടനയുടെ ഒരു രീതിക്ക് മാത്രമാണ്. എല്ലാവരും ഒരുപോലെ ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് കഴിഞ്ഞ 11 വർഷമായി കുവൈറ്റിലെ മറ്റു വലിയ സംഘടനകളെ കിടപിടിക്കുന്ന രീതിയിലേക്ക് പ്രവർത്തനങ്ങളുമായും പ്രോഗ്രാമുകളായും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈയൊരു പ്രസിഡണ്ട് പദവി ഒരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല.

സഹഭാരവാഹികളെക്കുറിച്ചു എന്താണ് അഭിപ്രായം, നിങ്ങളുടെ കമ്മിറ്റി കാലാവധി തീരുമ്പോൾ സംഘടന പൊതുസമൂഹത്തിൽ ഏത് രീതിയിൽ അറിയപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത് ?
ഒരേ മനസ്സോടെ മുന്നോട്ടുപോകുന്ന ഒരു സംഘടനയാണ് KTA. കൃത്യമായി എല്ലാ മാസവും എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഓരോ പ്രവർത്തനങ്ങളെയും കൃത്യമായി ചർച്ച ചെയ്ത് മുന്നോട്ടു പോവുകയാണ്. മുകളിൽ പ്രതിപാദിച്ച വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് പുറമെ വ്യത്യസ്തമാർന്ന രീതിയിൽ കുവൈറ്റിലെ പൊതുസമൂഹത്തിൽ ഇടപെട്ടു കൊണ്ട് കൊയിലാണ്ടി താലൂക്ക് അസോസിയേഷനെ കൂടുതൽ സജീവമാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.








Leave a comment