ഫലസ്തീൻ വിമോചനത്തിന്റെ പിന്തുണക്കായി കുവൈറ്റ്, രാജ്യത്തെ എല്ലാ വിധ ആഘോഷപരിപാടികൾക്കും വിലങ്ങിട്ടതോടെയാണ് “കൊയിലാണ്ടി ഫെസ്റ്റ്” എന്ന പരിപാടി വീണ്ടും ചർച്ച ആയത്. കൊയിലാണ്ടിക്കാർ രക്ഷപെട്ടു, ഭാഗ്യമുള്ളവരാണ് ഒരാഴ്ച മുന്നെ ആയിരുന്നെങ്കിൽ കുടുങ്ങിപ്പോയേനെ എന്നൊക്കെ ഉള്ള ഇതര സംഘടനകളുടെ ആവലാതികളും പരിഭവങ്ങളും കേൾക്കുമ്പോളാണ് കൊയിലാണ്ടി ഫെസ്റ്റ് ന്റെ ഭാഗമായി ഞങ്ങൾ ഇറക്കിയ “ഉയരെ” എന്ന സുവനീർ കണ്ടത്. പരിപാടിയും അത് കഴിഞ്ഞു ജോലിയുടെ തിരക്കുകളുമായത് കൊണ്ട് നല്ല രീതിയിൽ സോവെനീർ നോക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല.
മുകളിൽ പറഞ്ഞ “ഭാഗ്യവാന്മാരായ ഞങ്ങൾ” ൽ പെട്ട ഒരാളായ ഞാൻ ഈ സുവനീറിന്റെ കവർ പേജ് കുറെ നേരം നോക്കിയിരുന്നു. മണ്ണും പുഴയും കടന്നു സമാധാനത്തിന്റെ വെള്ളനിറത്തിൽ ഉയരങ്ങളിലേക്ക് പറക്കുന്ന പട്ടം. ഒരിത്തിരി അഭിമാനത്തോടെ അല്ലാതെ അത് നോക്കാതിരിക്കാൻ പറ്റില്ല. കാരണം ഈ പറഞ്ഞ ഭാഗ്യവാന്മാരായ ഞങ്ങൾ മുൻപ് നേരിട്ട പ്രതിസന്ധികൾ ആലോചിക്കുമ്പോൾ തീർച്ചയായും ഈ കൂട്ടായ്മയോടൊപ്പം കളങ്കമില്ലാതെ നിന്നവർക്ക് എന്തുകൊണ്ടും അർഹതപെട്ടതായിരുന്നു കൊയിലാണ്ടി ഫെസ്റ്റ് 2023 ന്റെ ഗംഭീര വിജയവും.
ഒന്ന് തലോടിയില്ലാതെ തുറക്കാൻ തോന്നാത്ത ഈ പുസ്തകം എല്ലാ സംഘടനയും പേരിന് മാത്രം അച്ചടിക്കുന്ന കേവലം പേപ്പർ കഷ്ണങ്ങൾ അവരുതെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അത് വളരെ ഭംഗിയായി സുവനീർ ടീം ഏറ്റെടുത്തു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. നിങ്ങൾ ഒരു കാര്യം നേടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നിങ്ങളെ അതിനു സഹായിക്കുമെന്ന ആൽക്കമിസ്റ്റിലെ പ്രശസ്ത വരികൾ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇതിലെ ഓരോ അനുഭവങ്ങളും കഥകളും.
“തുരുത്തിൽ ഒരു ശ്യാമ” എന്ന അനുഭവത്തിലൂടെ സുഭാഷ് ചന്ദ്രൻ എന്ന പ്രശസ്ത ചെറുകഥാകൃത്ത് ആദ്യത്തെ പേജുകളെ ട്രാൻസ്‍ജിൻഡർ വിഭാഗത്തിന് അദ്ദേഹം നൽകിയ പരിഗണനയും അതിലൂടെ “ശ്യാമ” എന്നവർക്ക് നൽകിയ ആത്മവിശ്വാസവും നമുക്ക് പകുത്തുനൽകുന്നുണ്ട്.
നാട്ടുകാരൻ കൂടിയായ അനീഷ് അഞ്ജലി “പാൽത്തൂ ജൻവർ” എന്ന സിനിമയുടെ പിന്നാമ്പുറം കഥകളും ഓർമകളും പങ്കുവെക്കുന്നു. മുകളിൽ പറഞ്ഞപോലെ തന്നെ ഒരു കാര്യത്തിനായി ഇറങ്ങിപുറപ്പെട്ടാൽ എന്ത് വിലകൊടുത്തും നേടിയെടുക്കാനുള്ള ശ്രമം ഈ അനുഭവത്തിലും കാണുന്നുണ്ട്.
കഥകൾക്കിടയിൽ കുളിരു നൽകാൻ സോമൻ കടലൂരിന്റെ ഒരു ചെറു കവിത നിത്യവസന്തമായി.
കോഴിക്കോട് ക്രൈം ബ്രാഞ്ച് DYSP സുരേന്ദ്രൻ മങ്ങാട്ടിന്റെ “ആത്മബോധത്തിന്റെ നിരാർദ്ര കാലങ്ങൾ” തന്റെ പോലീസ് ജീവിതത്തിലെ ചില അന്വേഷണ നാൾവഴികളെ മനോഹരമായി അവതരിപ്പിച്ചു. “പ്രതിസന്ധികളാണ് നമ്മുടെ ആത്മബലം പരീക്ഷിക്കപെടുന്ന ഇടം. അവിടെ ശരീരത്തെക്കാൾ ബലം വേണ്ടത് മനസിനാണ് താനും”
“തോൽവികളെ തോൽപ്പിക്കുന്നവർ” എന്ന മെഡെക്സ് എംഡി മുഹമ്മദ് അലി വിപി യുമായിയുളള അഭിമുഖം വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു. ഒരു ചെറിയ അഭിമുഖത്തെ ഇത്രമേൽ മനസ്സിനോട് ചേർത്ത രീതിയിൽ കോർത്തിണക്കിയ മുത്ത് മനോജേട്ടനോട് ഹൃദയം നിറഞ്ഞ നന്ദി.
“ലഹരി പൂക്കുന്നിടം” ഞങ്ങളെ സ്വകാര്യ അഹങ്കാരം മനോജ് കുമാർ കാപ്പാടിന്റെ ചെറുകഥ. വെറുതെ ഇരിക്കുന്നവനെ വായിച്ചു കരയിപ്പിക്കാൻ ഇങ്ങേർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.
ഞങ്ങളെ അസോസിയേഷൻ തുടക്കം മുതൽ കൂടെ തന്നെ ഉള്ള സാജിദ അലിയുടെ പ്രതിസന്ധിയെ അതിജീവിക്കുന്നവർ എന്ന ചെറുകഥയും തോറ്റു കൊടുക്കാൻ മനസ്സിലാത്തവർക്ക് വേണ്ടി തന്നെയാണ്.
ഒരു സംഘടനയുടെ സുവനീർ ആണോ അതോ വല്ല കഥ സമാഹാരമാണോ വായിച്ചു കഴിഞ്ഞത് എന്ന സംശയം മാത്രം ബാക്കിയായപ്പോൾ അത് തന്നെയായിരുന്നു ഞങ്ങളെ ഉദ്ദേശവും എന്നതിലേക്ക് എത്തി എന്ന് ആലോചിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.
കൊയിലാണ്ടി ഫെസ്റ്റ് നല്ല ഓർമകളായി നിറഞ്ഞാടുമ്പോൾ അതിന്റെ ഓർമത്തണലിൽ ഒരു സൂക്ഷിപ്പായി ചേർത്തു വെക്കാൻ ഇത്തരമൊരു സമ്മാനം ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയപെട്ട സോവെനീർ കമ്മിറ്റി അംഗങ്ങൾക്കും പ്രിയപെട്ട സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
സാമ്പത്തിക പിന്നോക്കാവസ്ഥയാൽ നിരാശയുടെ പടുകുഴിയിൽ നിന്നും വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് “ഉയരെ” യുടെ ലക്ഷ്യവും. അവരും പറക്കട്ടെ അതിരുകളില്ലാത്ത ആകാശത്തിന്റെ നീലിമയിൽ.. ഉയരങ്ങളിലേക്ക് 🪁
സുവനീർ pdf വായിക്കാൻ;
https://drive.google.com/file/d/1B7cpoFzDpwCqiE9jwnYXvrg1ky-VelOJ/view








Leave a comment